കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ അർജൻ്റീന ഇന്ന് കളത്തിലിറങ്ങുകയാണ്. ബ്രസീലിലെ എസ്റ്റാഡിയോ നിട്ടോൺ സാൻ്റോസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം പുലർച്ചെ 2.30 നാണ് മത്സരം. എക്കാലത്തെയും മികച്ച അർജൻ്റീന താരങ്ങളിൽ ഒരാളായ സൂപ്പർ താരം ലയണൽ മെസ്സി തന്നെയായിരിക്കും മത്സരത്തിലെ ശ്രദ്ധാ കേന്ദ്രം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഈ വർഷത്തെ കോപ്പ അമേരിക്കക്ക് സർവ്വ സന്നാഹങ്ങളുമായാണ് മെസ്സിയും പിള്ളാരും ബ്രസീലിലേക്ക് വണ്ടി കയറിയത്. എല്ലാ മേഖലകളിലും ശക്തമായ താരങ്ങളാണ് അർജൻ്റീനയുടെ കരുത്ത്. മികച്ച യുവ താരങ്ങളോടൊപ്പം പരിചയ സമ്പന്നനായ മെസ്സിയും കൂടി ചേരുമ്പോൾ എതിരാളികൾക്ക് അർജന്റീനയെ മറികടക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

ഒരു പക്ഷെ ലയണൽ മെസ്സി എന്ന ഇതിഹാസത്തിൻ്റെ അവസാന കോപ്പ അമേരിക്കയായിരിക്കും ഇത്. ഈ കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീലിനോട് സെമി ഫൈനലിൽ തോറ്റു പുറത്താകുകയും അതിനു മുൻപുള്ള രണ്ട് കോപ്പ അമേരിക്ക ഫൈനലിലും ചിലിയോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോൽക്കുകയുമായിരുന്നു അർജന്റീന.

മുൻ സീസണുകളിൽ ഒക്കെ നിർഭാഗ്യം വില്ലനായി നിന്നപ്പോൾ അർജൻ്റീന കണ്ണീരോടെ കളം വിട്ടു. തങ്ങളുടെ സൂപ്പർ താരമായ കാപ്റ്റൻ ലയണൽ മെസ്സിക്ക് വേണ്ടി കോപ്പ അമേരിക്ക കിരീടം നേടാൻ ഉറച്ചു തന്നെയാണ് അർജന്റീനയുടെ വരവ്. അർജൻ്റീനൻ ആരാധകരും താരങ്ങളും താരങ്ങളും മെസ്സി നീല ജഴ്സിയിൽ കിരീടം ഉയർത്തി വിരമിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.

അർജന്റീന അവസാനമായി കളിച്ച അഞ്ച് കളികളും അപരാജിതരാണ്. അതിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് വിജയിച്ചത് എങ്കിലും തോൽവി നേരിടാത്തത് ടീമിന് ആത്മവിശ്വാസം നൽകുന്നു. സമനില ആയ മൂന്ന് മത്സരങ്ങളിൽ ഒന്ന് ചിലിയോടായിരുന്നു. ലോകകപ്പ് ക്വാളിഫൈ മത്സരത്തിലായിരുന്നു ഇരു ടീമും ഇതിനു മുൻപ് ഏറ്റു മുട്ടിയത്. മത്സരത്തിൽ ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി. അവസാനമായി കളിച്ച അഞ്ച് കളികളിൽ ഒരു തോൽവിയും രണ്ട് വിജയവും രണ്ട് സമനിലയുമാണ് ചിലിയുടെ സമ്പാദ്യം.

ഫിഫ റാംഗിങ്ങിൽ അർജൻ്റീന 8-ാം സ്ഥാനത്തും ചിലി 19-ാം സ്ഥാനത്തുമാണ്. കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ അർജന്റീന ഇതുവരെ ചിലിയോട് തോറ്റിട്ടില്ല എന്നത് അർജൻ്റീനക്ക് ഇന്നത്തെ മത്സരത്തിൽ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.

കോപ്പ അമേരിക്കയുടെ ഗ്രൂപ്പ് ഘട്ട മത്സരത്തിന് വരുന്ന ചിലിക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി കിട്ടി. ചിലി സൂപ്പർ സ്ട്രൈക്കർ അലക്സിസ് സാഞ്ചസിനെ പരിക്ക് കാരണം അവർക്ക് നഷ്ടമായി. ചിലിയുടെ വിശ്വസ്തനായ ഈ മുന്നേറ്റ താരം ഇല്ലാതെ വേണം അവർക്ക് അർജൻ്റീനയെ നേരിടാൻ. ഇന്റർ മിലാൻ ഫോർവേഡായ സാഞ്ചസിന് ചിലിയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നഷ്ടമാകുമെന്നാണ് ചിലി ക്യാമ്പിൽ നിന്ന് വരുന്ന റിപ്പോർട്ട്. അർജൻ്റീനയ്ക്ക് മറ്റ് പരിക്ക് ആശങ്കകളില്ല.

അർജൻ്റീന vs ചിലി സാധ്യതാ ഇലവൻ

അർജന്റീന

എമിലിയാനോ മാർട്ടിനെസ്, ഗോൺസാലോ മോണ്ടി, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒറ്റമെൻഡി, മാർക്കസ് അക്കുന, റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ, ലിയാൻ‌ഡ്രോ പരേഡെസ്, ഏഞ്ചൽ ഡി മരിയ, ലൗട്ടരോ മാർട്ടിനെസ്, ലയണൽ മെസ്സി

ചിലി

ക്ലോഡിയോ ബ്രാവോ, മൗറീഷ്യോ ഇസ്ല, ഗാരി മെഡൽ, ഗില്ലെർമോ മാരിപാൻ, യുജെനിയോ മേന, അർതുറോ വിദാൽ, എറിക് പുൾഗർ, ചാൾസ് അരങ്കുയിസ്, ജീൻ മെനെസെസ്, ഫെലിപ്പ് മോറ, എഡ്വേർഡോ വർഗ്ഗസ്.