കോപ്പ അമേരിക്കയിലെ അവസാനത്തെ ക്വാട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീന ഇക്വഡോറിനെ നേരിടും. ഇന്ത്യൻ സമയം നാളെ രാവിലെ 6:30 ന് ബ്രസീലിലെ എസ്റ്റാഡിയോ ഒളിംപിക്കോ പെഡ്രോ ലുഡോവിക്കോ സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

കോപ്പ അമേരിക്ക നോക്കൗട്ട് മത്സരങ്ങളുടെ പ്രധാന പ്രത്യേകത എക്സ്ട്രാ ടൈം ഇല്ല എന്നതാണ്. റഗുലർ ടൈമിൽ മത്സരം സമനില ആണെങ്കിൽ നേരിട്ട് പെനാൽറ്റി ഷൂട്ടൗട്ട് ആയിരിക്കും എന്നാണ് സംഘാടകരായ കോൺമെ ബോൾ അറിയിച്ചിരിക്കുന്നത്.

അർജന്റീന ഫിഫ റാങ്കിങിൽ 8-ാം സ്ഥാനത്തും ഇക്വഡോർ 53-ാം സ്ഥാനത്തുമാണ്. റാംങ്കിങ് വെച്ച് നോക്കുമ്പോൾ ഇക്വഡോർ ദുർബലരായ ടീമാണെന്ന് പറയാം. പക്ഷെ അവർക്ക് പോരാട്ട വീര്യം കൂടുതലാണ്. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ ഇക്വഡോർ സമനിലയിൽ പിടിച്ചിട്ടുണ്ട്.

അർജന്റീന ഇതുവരെ തോൽവിയറിയാതെ ജയിച്ചിട്ടുണ്ടെങ്കിൽ അത് ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ കരുത്തിലാണെന്ന് ഒരു സംശയവുമില്ലാതെ പറയാം. 34 കാരനായ എഫ് സി ബാർസലോണ താരം തന്നെയാണ് ഇപ്പോഴത്തെ അർജന്റീനയുടെയും കോപ്പ അമേരിക്കയിലെയും ടോപ് സ്കോററർ. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളാണ് താരം നേടിയത്. മാത്രമല്ല നാല് രണ്ട് അസിസ്റ്റോടെ കോപ്പ അമേരിക്കയിൽ ബ്രസീലിയൻ താരം നെയ്മറോടൊപ്പം ഒന്നാം സ്ഥാനത്താണ് മെസ്സി.

ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച നാല് മത്സരങ്ങളിലും തോൽവിയറിയാതെയാണ് അർജന്റീന ക്വാട്ടർ പ്രവേശനം നേടിയത്. നാല് മത്സരങ്ങളിൽ നിന്ന് 3 വിജയവും ഒരു സമനിലയും നേടി 10 പോയിന്റാണ് അർജന്റീനയ്ക്ക്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഗോളടിക്കാൻ ബുദ്ധിമുട്ടിയ സ്കലോണിയുടെ ടീം അവസാന മത്സരത്തിൽ നാല് ഗോളുകളാണ് സ്കോർ ചെയ്ത്. ഇക്വഡോറിന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ വിജയിക്കാൻ സാധിച്ചിട്ടില്ല. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് സമനിലയും ഒരു തോൽവിയും വഴങ്ങി മൂന്ന് പോയിന്റോടെ നാലാമതായിട്ടാണ് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്.

അവസാനം ഈ രാജ്യങ്ങൾ തമ്മിൽ കളിച്ച ആറ് മത്സരങ്ങളിൽ അർജന്റീനക്കാണ് വിജയം കൂടുതൽ. ആറ് മത്സരങ്ങളിൽ നിന്ന് നാല് വിജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് അർജന്റീന നേടിയത്. 2015 ലാണ് അവസാനം അർജന്റീന ഇക്വഡോറിനോട് തോൽവി വഴങ്ങിയത്.

Image Credits | FB

അർജന്റീനൻ നിരയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളടിച്ച പപ്പു ഗോമസ് മികച്ച ഫോമിലാണ്. താരത്തോടൊപ്പം മെസ്സിയും അഗ്യൂറോയും മാർട്ടീനസും വരുമ്പോൾ അർജന്റീനയ്ക്ക് വിജയ പ്രതീക്ഷ നൽക്കുന്നു. പരിക്കിൽ നിന്നും പൂർണ്ണമായി മുക്തനാകാത്ത ക്രിസ്റ്റ്യൻ റാമേരോയ്ക്ക് പകരം ജെർമൻ പെസെല്ല വരാൻ സാധ്യത ഉണ്ട്. രണ്ട് ഗോൾ നേടിയ അയർട്ടൺ പ്രെസിയാഡോ ആണ് ഇക്വഡോറിന്റെ ടോപ് സ്കോറർ.

അർജന്റീന സാധ്യത ഇലവൻ:

എമിലിയാനോ മാർട്ടിനെസ്; നഹുവൽ മോളിന, ജെർമൻ പെസെല്ല, നിക്കോളാസ് ഒറ്റമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ; റോഡ്രിഗോ ഡി പോൾ, ഗ്വിഡോ റോഡ്രിഗസ്, ജിയോവാനി ലോ സെൽസോ; ലയണൽ മെസ്സി, ലൗറ്റാരോ മാർട്ടിനെസ്, പപ്പു ഗോമസ്

ഇക്വഡോർ സാധ്യത ഇലവൻ:

ഹെർണൻ ഗാലാൻഡെസ്; ഏഞ്ചലോ പ്രെസിയാഡോ, റോബർട്ട് അർബോലെഡ, പിയേറോ ഹിൻകാപിക്, പെർവിസ് എസ്റ്റുപിയാൻ; അലൻ ഫ്രാങ്കോ, കാർലോസ് ഗ്രുസോ, ജെഗ്‌സൺ മൊണ്ടെസ്; എയ്ഞ്ചൽ മെന, അയർട്ടൺ പ്രെസിയാഡോ; ലിയോനാർഡോ കാമ്പാന.