കോപ്പ അമേരിക്ക ക്വാട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീന ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചു. അർജന്റീനക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി ഒരു ഗോളും രണ്ട് അസിസ്റ്റും നേടി. ഒരു മനോഹരമായ ഫ്രീ കിക്കിലൂടെയായിരുന്നു മെസ്സിയുടെ ഗോൾ. ലൗറ്റാരോ മാർട്ടിനസും റോഡ്രിഗോ ഡി പൗളുമായിരുന്നു അർജന്റീനയുടെ മറ്റു സ്കോറർന്മാർ.

4-3-3 എന്ന ഫോർമാഷനിലാണ് അർജന്റീനയെ ലയണൽ സ്കലോണി ഇറക്കിയത്. ഇക്വഡോറിനെ അർജന്റീന കോച്ചായ ഗസ്റ്റാവോ അൽവാരോ 4-4-2 എന്ന ഫോർമാഷനിലാണ് ഇറക്കിയത്.

നിരവധി മാറ്റങ്ങളുമായാണ് അർജന്റീന ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയത്. ഡിഫൻസിൽ ലിസാൻഡ്രോ മാർട്ടീനസിനു പകരം നിക്കോളാസ് ഒട്ടാമെന്റി വന്നു. മിഡ്ഫീൽഡിൽ ഗ്വിഡോ റോഡ്രിഗസ്, പലയോസിച്ചിന് പകരം റോഡ്രിഗോ ഡി പൗൾ, ലിയാൻഡ്രോ പാരഡൈസ് എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. പപ്പു ഗോമസിനു പകരം ലൊ സെൽസോയും തിരിച്ചത്തി. അറ്റാക്കിങിലും രണ്ട് മാറ്റങ്ങൾ ഉണ്ടായിരുന്നു. അഞ്ചൽ കൊറേയ്യ, സെർജിയോ അഗ്യൂറോ എന്നീ താരങ്ങൾക്ക് പകരം ലൗറ്റാരോ മാർട്ടിനസും നിക്കോളാസ് ഗൊൻസാലും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.

ആദ്യ പകുതിയിൽ അർജന്റീന മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 39-ാം മിനുട്ടിലായിരുന്നു ഡി പൗളിന്റെ ഗോൾ പിറന്നത്. ക്യാപ്റ്റൻ ലയണൽ മെസ്സി നൽകിയ പാസ് റോഡ്രിഗോ ഡി പൗൾ മനോഹരമായി ഫിനിഷ് ചെയ്തു. ആദ്യ പകുതിയിൽ മാത്രം 12 ഷോട്ടുകളാണ് അർജന്റീന ഉതിർത്തത്. അതിൽ അഞ്ച് എണ്ണം ഓൺ ടാർഗെറ്റിൽ വന്നു. മറുപക്ഷത്ത് ഇക്വഡോർ മൂന്ന് ഷോട്ടുകളാണ് ഉതിർത്തത്. ഓൺ ടാർഗെറ്റിൽ ഒരു ഷോട്ടും വന്നില്ല.

ആദ്യ പകുതിയിൽ തന്നെ ലീഡ് ഉയർത്താൻ അർജന്റീനയ്ക്ക് നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു. ആദ്യ പകുതിയിൽ മെസ്സിയുടെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തേക്ക് പോയി. നിക്കോലാസ് ഗൊൻസാലസിന് മികച്ച രണ്ട് അവസരമാണ് താരത്തിന് കിട്ടിയത്. താരം രണ്ട് അവസരവും നഷ്ടപ്പെടുത്തി. ആദ്യ പകുതിയിൽ ഏറ്റവും കൂടുതൽ ബോൾ പൊസിഷനും കൂടുതൽ കോർണറുകൾ നേടിയതും അർജന്റീന ആയിരുന്നു.

മികച്ച അറ്റാക്കിങിലൂടെയായി അർജന്റീന രണ്ടാം പകുതി തുടങ്ങിയത്. രണ്ടാം പകുതിയിൽ ആദ്യ മിനുട്ടുകളിൽ ലീഡ് ഉയർത്താൻ അർജന്റീന ശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. 71-ാം മിനുട്ടിൽ അർജന്റീനയുടെ ആദ്യത്തെ സബ്സ്റ്റിട്യൂഷൻ വന്നു. ലൊ സെൽസോ , ലിയാൻഡ്രോ പാരഡൈസ് എന്നീ താരങ്ങൾക്ക് പകരം ഡി മറിയയും ഗ്വിഡോ റോഡ്രിഗസും വന്നു. 83-ാം മിനുട്ടിൽ നിക്കോളാസ് ഗൊൻസാലിനു പകരം ടാഗ്ലിഫിക്കോയെ ഇറക്കി അർജന്റീന ഡിഫൻസീസ് ഗയിമിലേക്ക് പോയി.

84-ാം മിനുട്ടിലായിരുന്നു അർജന്റീനയുടെ രണ്ടാം ഗോൾ പിറന്നത്. മെസ്സിയുടെ പാസിൽ നിന്നും ലൗറ്റാരോ മാർട്ടിനസ് മികച്ച ഫിനിഷിലൂടെ ലീഡ് ഉയർത്തി. മത്സരത്തിന്റെ എട്രാ ടൈമിലായിരുന്നു മെസ്സിയുടെ അതി മനോഹരമായ ഫ്രീ കിക്ക് ഗോൾ പിറന്നത്. 93-ാം മിനുട്ടിൽ ഡി മറിയയെ പെനാൽറ്റി പോസ്റ്റിനു തൊട്ടടുത്ത് ഫൗൾ ചെയ്യപ്പെട്ടു. ഈ ഫൗൾ റഫറി ആദ്യം പെനാൽറ്റി ആയിരുന്നു വിധിച്ചത്. എന്നാൽ വി എ ആറിലൂടെ റഫറി ഫ്രീ കിക്ക് നൽകി.

ഫൗൾ ചെയ്ത താരമായ ഇക്വഡോർ ഡിഫന്റർ ഹിൻകാപിക്ക് റെഡ് കാർഡും ലഭിച്ചു. മെസ്സി രണ്ടാമത്തെ ഫ്രീ കിക്ക് ഗോളാണ് ഈ കോപ്പ അമേരിക്കയിൽ നേടുന്നത്. ഈ ഗോളോടെ നെയ്മറെക്കാൾ 2 ഗോൾ ലീഡിൽ മെസ്സിയാണ് കോപ്പ അമേരിക്ക ഗോൾ സ്കോറർന്മാരുടെ പട്ടികയിൽ ഒന്നാമത്. സെമി ഫൈനലിൽ അർജന്റീന കൊളംബിയയെ നേരിടും.