ലോക ഫുട്ബോളിലെ ഏറ്റവും വലിയ മത്സരം ഏത് എന്നതിന് ഒറ്റ ഉത്തരമേ ഉള്ളൂ. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീലും അർജൻ്റീനയും. ഏകദേശം 107 വർഷങ്ങൾ നീണ്ടു നിൽക്കുന്ന ശത്രുത രണ്ട് ടീമുകൾക്കിടയിലും ഉണ്ട്. അത് ഇന്നും തുടർന്ന് വരുന്നു. സെമി ഫൈനലിൽ വിജയിച്ച ശേഷം ബ്രസീൽ താരം നെയ്മർ ആദ്യം പറഞ്ഞത് ഫൈനലിൽ എതിരാളികളായി അർജൻ്റീനയെ കിട്ടണം എന്നാണ്. ഫൈനലിൽ വിജയിക്കാനാണ് ഏത് ടീമും ശ്രമിക്കുക എന്ന് ലയണൽ മെസ്സിയും തിരിച്ചടിച്ചു. വർഷങ്ങളായുള്ള ഇരു ടീമുകളുടയും ശത്രുതക്ക് യാതൊരു കുറവും വന്നിട്ടില്ല എന്ന് നമുക്ക് ഈ ഒരു പ്രതികരണങ്ങളിലൂടെ തന്നെ വ്യക്തമാണ്.

ബ്രസീൽ അർജൻ്റീന മത്സരത്തിൻ്റെയും ശത്രുതയുടെയും കഥ ആരംഭിക്കുന്നത് 1914 സെപ്റ്റംബർ 20 നാണ്. അന്ന് രാജ്യങ്ങൾ തമ്മിലുള്ള മത്സരങ്ങൾ കുറവായിരുന്നു. അന്ന് ബ്രസീൽ ഫുട്ബോളിൽ വലിയ രാജ്യവും ആയിരുന്നില്ല. അർജൻ്റീന ആണെങ്കിൽ ബ്രസീലിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന ടീമും. വിജയങ്ങൾ വളരെ കുറവുള്ള ഒരു ചെറിയ ടീം ആയിരുന്നു കാനറികൾ. എന്നാൽ റിയോ ഡി ജനീറോയിൽ എക്സ്ടെൻഷൻ സിറ്റിക്കെതിരെ നേടിയ 2-0 ൻ്റെ തകർപ്പൻ ജയം ലോക ഫുട്ബോളിൽ അവർക്ക് പുതിയ ഒരു ശ്രദ്ധ നേടിക്കൊടുത്തു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

അതിന് ശേഷം അടുത്ത മത്സരം ബ്യൂണസ് അയേണിൽ ആയിരുന്നു നടക്കേണ്ടിയിരുന്നത്. അന്നത്തെ അർജൻ്റീന പ്രസിഡൻ്റ് സംഘടിപ്പിച്ച ടൂർമെൻ്റ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വർദ്ധിപ്പിക്കും എന്നായിരുന്നു എല്ലാവരുടെയും കണക്ക് കൂട്ടൽ. എന്നാൽ ബ്രസീൽ താരങ്ങളെ കൊണ്ട് വന്ന കപ്പൽ ബ്യൂണിസ് അയേൺ തുറമുഖത്തേക്ക് എത്തുന്നത് വൈകി. ആ ഒരു വലിയ മത്സരം സൗഹൃദ മത്സരമായി അവസാനിപ്പിച്ച് ഇരു ടീമുകളും പിരിഞ്ഞു. പിന്നീട് അർജൻ്റീനയുടെയും ബ്രസീലിൻ്റെയും പുൽ മൈതാനങ്ങളിൽ നിരവധി സൗഹൃദ മത്സരങ്ങൾ നടന്നു. ഓരോ മത്സരം കഴിയുന്തോറും ഈ രണ്ട് ടീമുകളും തമ്മിലുള്ള ശത്രുതയും കൂടിക്കൊണ്ട് വന്നു.

അർജൻ്റീനയിലെ ക്ലബ്ബ് ഓഫ് ജിംനേഷ്യ എക്സ്ഗ്രിമ എന്ന സ്റ്റേഡിയത്തിൽ ആണ് ഫിഫയുടെ നേതൃത്വത്തിൽ നടന്ന ടൂർണമെൻ്റിൽ ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടുന്നത്. അർജൻ്റീനയിലെ ബ്യൂണോ അരിയെസ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗെബ എന്നറിയപ്പെടുന്ന സ്റ്റേഡിയത്തിൽ ഇപ്പോൾ ഫുട്ബോൾ മത്സരങ്ങൾക്ക് പകരം ഹോക്കി ലീഗും റഗ്ബി ലീഗും ആണ് നടക്കാറുള്ളത്.

ലോകമെമ്പാടും ആരാധകരുള്ള ഈ രണ്ട് രാജ്യങ്ങൾക്ക് കേരളത്തിലും ഇവരുടെ കളിയെയും ശൈലയിയെയും ജീവന് തുല്യം സ്നേഹിക്കുന്ന ഒരുപാട് ആരാധകരുണ്ട്. ഈ തവണയും ഫൈനലിൽ പന്തുരുളുന്നത് ബ്രസീലിൽ ആണെങ്കിലും ചങ്കിടിക്കുന്നത് മലയാളികളുടേതും കൂടിയാണ്. ഓരോ മത്സരം കഴിയുന്തോറും ഒട്ടനവധി അനിഷ്ട സംഭവങ്ങൾ ഇങ്ങ് കേരളത്തിലും റിപ്പോർട്ട് ചെയ്യാറുണ്ട്. കഴിഞ്ഞ ലോക കപ്പ് സമയത്ത് അർജൻ്റീന ബ്രസീൽ ആരാധകരുടെ ബൈക്ക് അഗ്നിക്കിരയാക്കിയതും തോറ്റ മനോവിഷമത്തിൽ അർജൻ്റീന ആരാധകൻ ജീവനൊടുക്കിയതും ഇത്തരം സംഭവങ്ങളിൽ ചിലത് മാത്രം.

ഫുട്ബോൾ ലോകത്ത് ഏത് രാജ്യത്തിന്റെ ശൈലിയാണ് മികച്ചതെന്ന തർക്കം ഇന്നും മുറുകുകയാണ്. അർജന്റീനയുടെ ലാ ന്യൂസ്ട്ര എന്നറിയപ്പെടുന്ന ശൈലിയോ അല്ലെങ്കിൽ ബ്രസീലിൻ്റെ ജോഗാ ബോണിറ്റ ശൈലിയോ എന്നതിൽ ഇന്നും ആരാധകർ തമ്മിൽ തർക്കിച്ച് കൊണ്ടിരിക്കുന്നു. ഫുട്ബോളിൽ എക്കാലത്തെയും മികച്ച കളിക്കാരൻ ആരാണ് ഡീഗോ മറഡോണയോ അല്ലെങ്കിൽ പെലെയോ എന്ന ചർച്ചയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ ഒന്നാണ്.

ഇരു ടീമുകളിലും എക്കാലത്തും ഫുട്ബോൾ അടക്കി ഭരിച്ചിരുന്ന മികച്ച താരങ്ങൾ ഉണ്ടായിട്ടുണ്ട്. ബ്രസീലിൽ ഗാരിഞ്ച, സാഗല്ലോ, കാർലോസ് ആൽബർട്ടോ, ജെയ്‌ർസിന്യോ, ടോസ്റ്റാവോ, റൊമാരിയോ, ബെബെറ്റോ, റിവാൾഡോ, റോബർട്ടോ കാർലോസ്, റൊണാൾഡോ, റൊണാൾഡിന്യോ, കക്കാ എന്നിവരുണ്ടായപ്പോൾ അർജന്റീനയിൽ സ്റ്റെഫാനോ, പാസറെല്ല, കെംപെസ്, ആർഡൈൽസ്, വാൽഡാനോ, ബാറ്റിസ്റ്റുട്ട, റെഡോണ്ടോ, സിമിയോൺ,ക്രെസ്പോ, റിക്വെൽമി എന്നിങ്ങനെ ഒട്ടേറെ താരങ്ങളും ഉണ്ടായിരുന്നു. ഇന്ന് അത് നെയ്മർ ജൂനിയറിലും ലയണൽ മെസ്സിയിലും എത്തി നിൽക്കുന്നു.

കളത്തിന് പുറത്ത് ഇരുവരും ശത്രുക്കൾ ആണെങ്കിലും ലയണൽ മെസ്സിയും നെയ്മറും ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ സുഹൃത്തുക്കളാവും. കാരണം ഇരുവരിലും ഉള്ള ഉത്തരവാദിത്തം വളരെ വലുതാണ്. ഇരു താരങ്ങളെയും പരസ്പരം താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെങ്കിലും രണ്ട് പേരും സ്വന്തം പേരിൽ റെക്കോഡുകൾ തിരുത്തിക്കുറിക്കുന്ന തിരക്കിലാണ്.

അർജന്റീനയ്‌ക്കായി 150 മത്സരങ്ങളിൽ നിന്നും 76 ഗോളുകൾ അടിച്ചു കൂട്ടിയ മെസ്സി അർജൻ്റീനയുടെ എക്കാലത്തെയും വലിയ ഗോൾ സ്കോറർ ആയ ഗബ്രിയേൽ ബാറ്റിസ്റ്റുട്ടയുടെ റെക്കോർഡ് മറികടന്നിരുന്നു. 110 മത്സരങ്ങളിൽ നിന്നും 68 ഗോളുകളുമായി നെയ്മർ ബ്രസീൽ ഗോൾ സ്കോറർമാരുടെ പട്ടികയിൽ രണ്ടാമതാണ്. 77 ഗോളുകളുമായി ബ്രസീൽ ഇതിഹാസം പെലെ മാത്രമാണ് നെയ്മറുടെ മുന്നിൽ ഉള്ളത്. കഴിഞ്ഞ ദിവസം കൊളംബിയക്കെതിരായ മത്സരത്തിൽ ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയ പെലെയുടെ റെക്കോർഡ് നെയ്മർ മറികടന്നിരുന്നു.

ഇരു കളിക്കാർക്കും തങ്ങളുടെ രാജ്യത്തിനായി ഒരു കോപ്പ അമേരിക്ക കിരീടം നേടാൻ സാധിച്ചിട്ടില്ല. കോൺഫെഡറേഷൻ കപ്പിൽ നിർണായക സ്വാധീനമായി ബ്രസീലിന് കിരീടം നേടിക്കൊടുക്കാൻ നെയ്മറിന് സാധിച്ചു. എന്നാൽ ക്ലബ്ബ് കരിയറിൽ ഒരുപാട് കിരീടങ്ങൾ വാരി കൂട്ടിയ മെസ്സിക്ക് അർജൻ്റീനയുടെ നീല കുപ്പായത്തിൽ ഒരു കിരീടം നേടാൻ സാധിച്ചിട്ടില്ല. ഏകദേശം കരിയറിൻ്റെ അവസാനത്തോട് അടുത്ത് കൊണ്ടിരിക്കുന്ന അദ്ദേഹത്തിന് ഈ ഒരു കിരീടം നേടി വിമർശകരുടെ വായടപ്പിക്കാൻ കഴിയുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.

മെസ്സി നെയ്മർ പേരുകൾക്ക് മുന്നേ ഫുട്ബോൾ ലോകം കൊണ്ടാടിയ പേരുകൾ ആയിരുന്നു പെലെയുടേതും മറഡോണയുടേതും ഫുട്ബോൾ ലോകം കണ്ട ഏറ്റവും വലിയ ഇതിഹാസങ്ങൾ. ഇരുവർക്കും ഈ രണ്ട് ടീമുകൾക്കെതിരെ ധാരാളം നേട്ടങ്ങളും റെക്കോർഡുകളും ഉണ്ട്. ഇരു രാജ്യങ്ങളും ഒരുപാട് തവണ പരസ്പരം ഏറ്റുമുട്ടിയ ഒരു കാലഘട്ടത്തിലാണ് പെലെ കളിച്ചത്. അർജൻ്റീനക്കെതിരെ ഗോളുകൾ അടിച്ചു കൂട്ടുക എന്നത് അദ്ദേഹത്തിൻ്റെ സ്ഥിരം പതിവായിരുന്നു.അർജന്റീനയ്‌ക്കെതിരായ 10 കളികളിൽ നിന്നും 1963 ൽ 5-2 ന് വിജയിച്ച കോപ റോക്ക ഫൈനലിലെ ഹാട്രിക് ഉൾപ്പെടെ എട്ട് ഗോളുകളാണ് പെലെ നേടിയത്.

അർജന്റീനയ്‌ക്കെതിരെയുള്ള മത്സരങ്ങളിൽ നിന്നും നാല് വിജയങ്ങളും രണ്ട് സമനിലകളും നാല് തോൽവികളുമാണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം. മറഡോണക്ക് ബ്രസീലിനെതിരെ ലോകകപ്പിൽ ഏറ്റുമുട്ടാൻ സാധിച്ചു എങ്കിലും പെലെ ഒരു ലോകകപ്പ് മത്സരത്തിൽ പോലും അർജൻ്റീനക്കെതിരെ കളിച്ചിട്ടില്ല. ആ ഒരു കാര്യത്തിൽ നിരാശ ഉണ്ടെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ബ്രസീലിൽ പെലെ എന്ന ഇതിഹാസം പിറവിയെടുത്തപ്പോൾ അർജന്റീനയിൽ ഡീഗോ അർമാണ്ടോ മറഡോണ എന്ന ഇതിഹാസവും പിറവിയെടുത്തു. അർജൻ്റീനയുടെ നിർണായക മത്സരങ്ങളിൽ ടീമിൻ്റെ രക്ഷകനായ അദ്ദേഹം അർജൻ്റീനൻ ടീമിൽ നിന്ന് ഏറ്റവും കൂടുതൽ തവണ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട താരം കൂടി ആണ്.

ബ്രസീലിനെതിരെ അദ്ദേഹം ഒരുപാട് മത്സരങ്ങളിൽ ഒന്നും ഏറ്റുമുട്ടിയിട്ടില്ല. ബ്രസീലിനെതിരെ അഞ്ച് ഇൻ്റർ നാഷണൽ മത്സരങ്ങൾ കളിച്ച മറഡോണ ഒരു ഗോൾ മാത്രമാണ് നേടിയത്. 1981 ൽ ഉറുഗ്വേയിൽ നടന്ന മത്സരത്തിലാണ് കാനറികൾക്കെതിരെ അദ്ദേഹം ഗോൾ വല കുലക്കിയത്. ബ്രസീലിനെതിരായ അഞ്ച് മത്സരങ്ങളിൽ ഒരു ജയം, രണ്ട് സമനില, ഒരു തോൽവി എന്നിവയാണ് അദ്ദേഹത്തിൻ്റെ പേരിൽ ഉള്ളത്. ലോകകപ്പിൽ ബ്രസീലിനെതിരെ ഒരു വിജയവും തോൽവിയും നേരിട്ട അദ്ദേഹം 1982 ലാണ് ബ്രസീലിനെതിരെ അവസാന മത്സരം കളിച്ചത്.

നൂറ്റാണ്ടുകളായി ശത്രുതയിലുള്ള രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കായിരിക്കും എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. രണ്ട് ടീമുകളുടെയും നിരവധി ആരാധകർ സോഷ്യൽ മീഡിയകളിൽ വെല്ലുവിളിയും തർക്കങ്ങളും തുടങ്ങി കഴിഞ്ഞു. ജൂലൈ 11 ന് ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പം നിൽക്കുമെന്ന് കാത്തിരുന്ന് കാണാം.