കോപ്പ അമേരിക്കയിലെ അർജന്റീന ഉറുഗ്വേ സൂപ്പർ മത്സരത്തിൽ അർജന്റീനയ്ക്ക് വിജയം. ബ്രസീലിലെ എസ്റ്റാഡിയോ നാഷനൽ മാനെ ഗാരിഞ്ച സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന ഉറുഗ്വേയെ തോൽപ്പിച്ചു. ഗ്വിഡോ റോഡ്രിഗസായിരുന്നു അർജന്റീനക്കായി വിജയ ഗോൾ സ്കോർ ചെയ്തത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

4-3-3 എന്ന ഫോർമാഷനിലാണ് അർജന്റീന ഇറങ്ങിയത്. ചിലിക്കെതിരെയായ ആദ്യത്തെ മത്സരത്തിന് ശേഷം സ്കലോണി ഇന്നത്തെ മത്സരത്തിൽ അർജന്റീന സ്റ്റാർട്ടിങ് ഇലവനിൽ 4 മാറ്റങ്ങളാണ് വരുത്തിയത്. അർജന്റീന ഡിഫൻസിൽ മാത്രം മൂന്ന് മാറ്റങ്ങൾ വന്നു. സെന്റർ ബാക്കായ ലൂക്കാസ് മാർട്ടിനെസ് ക്വാർട്ടയ്ക്ക് പകരം ക്രിസ്റ്റ്യൻ റൊമേറോ ആദ്യ ഇലവനിൽ തിരിച്ചെത്തി. ലെഫ്റ്റ് ബാക്ക് നിക്കോളാസ് ടാഗ്ലിയാഫികോക്ക് പകരം മാർകോസ് അക്യൂന വന്നു. ചിലിക്കെതിരെ റൈറ്റ് ബാക്കായി കളിച്ച ഗോൺസാലോ മോണ്ടിയലിന് പകരം നഹുവൽ മോളിന ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. ഈ മൂന്ന് ഡിഫന്റർന്മാരക്കൊപ്പം ഓട്ടാമെന്റിയും സ്റ്റാർട്ടിങ് ഇലവനിൽ വന്നു.

നാലാമത്തെ മാറ്റം വന്നത് മിഡ്ഫീൽഡിൽ ആയിരുന്നു. പാരേഡസിന് പകരം ഗ്വിഡോ റോഡ്രിഗസും വന്നു. മാറ്റങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിച്ച അറ്റാക്കിങിൽ ഒരു മാറ്റവും ഉണ്ടായില്ല. മാർട്ടീനസിനും ഗൊൻസാലസിനും ഒരു അവസരം കൂടി കോച്ച് സ്കലോണി നൽകി.

Image Credits | FB

ഉറുഗ്വേ കോച്ച് ഓസ്കാർ തബാരസ് ഉറുഗ്വേയെ 4-4-2 എന്ന് ഫോർമാഷനിലാണ് ഇറക്കിയത്. സ്ട്രൈക്കർന്മാരായി സുവാരസും കവാനിയും ഇടം നേടി. നിക്കോളാസ് ഡി ലാ ക്രൂസ്, ലൂക്കാസ് ടോറേര, റോഡ്രിഗോ ബെന്റാൻ‌കൂർ, ഫെഡറിക്കോ വാൽ‌വർ‌ഡെ എന്നിവരായിരുന്നു മിഡ്ഫീഡിൽ വന്നത്. ഡിഫൻസിൽ മാറ്റിയാസ് വിയാന, ഡീഗോ ഗോഡൻ, ജോസ് ഗിമെനെസ്, ജിയോവന്നി ഗോൺസാലസ് എന്നിവരും ഇടം നേടി. ഫെർണാണ്ടോ മുസ്‌ലെറ ആയിരുന്നു ഉറുഗ്വേ ഗോൾ വല കാത്തത്.

തുടക്കം മുതലെ അർജന്റീന അക്രമിച്ചാണ് കളിച്ചത്. ആദ്യത്തെ 8 മിനുട്ടിനുള്ളിൽ തന്നെ രണ്ട് ഓൺ ടാർഗെറ്റ് ഷോട്ടുകൾ ചെയ്തു. 13-ാം മിനുട്ടിലായിരുന്നു ആ വിജയ ഗോൾ പിറന്നത്. 13-ാം മിനുട്ടിൽ കിട്ടിയ കോർണർ ഷോർട്ട് കോർണറായി എടുക്കുന്നു. ലെഫ്റ്റ് വിങിൽ നിന്നും മെസ്സിയുടെ സുന്ദരമായ ക്രോസ് ഗ്വിഡോ റോഡ്രിഗസ് മനോഹരമായ ഹെഡിലൂടെ ഗോൾ സ്കോർ ചെയ്തു. 10 മത്സരങ്ങൾ അർജന്റീനക്കായി കളിച്ച റോഡ്രിഗസിന്റെ തന്റെ രാജ്യത്തിനായി നേടുന്ന ആദ്യത്തെ ഗോളാണിത്.

ഉറുഗ്വേയ്ക്ക് മത്സരത്തിൽ ഒരു ഓൺ ടാർഗെറ്റ് ഷോട്ട് പോലും എടുക്കാൻ കഴിഞ്ഞില്ല. ആകെ നാല് ഷോട്ടുകളാണ് ഉറുഗ്വേ താരങ്ങൾ ചെയ്തത്. ഇതിൽ മൂന്ന് ഷോട്ട് ഓഫ് ടാർഗെറ്റും ഒരു ഷോട്ട് ബ്ലോക്ക് ചെയ്യപ്പെടുകയും ചെയ്തു. അർജന്റീന 9 ഷോട്ടുകൾ ഉതിർത്തപ്പോൾ 6 എണ്ണം ഓൺ ടാർഗെറ്റിൽ വന്നു. മൂന്ന് എണ്ണം ബ്ലോക്ക് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതൽ കോർണറുകൾ നേടിയതും അർജന്റീന ആയിരുന്നു. ബോൾ പൊസിഷനിലും പാസിങിലും ഉറുഗ്വേ മുന്നിട്ടു നിന്നു.

മത്സരത്തിൽ ക്യാപ്റ്റൻ ലയണൽ മെസ്സി തന്നെയായിരുന്നു റെയിറ്റിങ്ങിൽ മുന്നിൽ. മത്സരത്തിൽ താരം ഒരു അസിസ്റ്റും ഒരു ഓൺ ടാർഗെറ്റ് ഷോട്ടും 9 ഡ്രിബിളും നേടി. ഈ വിജയത്തോടെ രണ്ട് മത്സരങ്ങൾ കളിച്ച അർജന്റീന ഗ്രൂപ്പ് എ യിൽ നാല് പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തി. അർജന്റീനയുടെ അടുത്ത മത്സരം 22-ാം തീയ്യതി പരാഗ്വേക്കെതിരെയാണ്.