കോപ്പ അമേരിക്ക തുടങ്ങുമ്പോൾ തന്നെ എല്ലാ ഫുട്ബോൾ പ്രേമികളും ഒരുപോലെ ആഗ്രഹിച്ച ഒന്നായിരുന്നു ബ്രസീൽ അർജൻ്റീന ഫൈനൽ. ഇപ്പോൾ ടൂർണമെൻ്റ് അവസാനിക്കുമ്പോൾ അതുപോലൊരു ഫൈനലിന് അരങ്ങൊരുകയാണ്. ബാക്കി എല്ലാ ടീമുകളും പുറത്തായപ്പോൾ ചിത്രത്തിൽ ശക്തരായ ബ്രസീലും അർജൻ്റീനയും മാത്രം ബാക്കി.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

സെമി ഫൈനലിൽ പെറുവിനെ തോൽപ്പിച്ച് ബ്രസീൽ ഫൈനലിൽ കയറിയപ്പോൾ വാശിയേറിയ പോരാട്ടത്തിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിക്കൊണ്ട് അർജൻ്റീനയും ഫൈനലിലെത്തി. അർജൻ്റീന ബ്രസീൽ പോരാട്ടത്തിലുപരി സൂപ്പർ താരങ്ങളായ നെയ്മറും മെസ്സിയും ഏറ്റുമുട്ടുമ്പോൾ മത്സരത്തിന് മാറ്റ് കൂടുന്നു. ശനിയാഴ്ച റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിലാണ് മത്സരം.

ഫൈനലിൽ ബ്രസീലും അർജൻ്റീനയും ഏറ്റുമുട്ടുന്നത് ഇതാദ്യമായി അല്ല. കോപ്പ അമേരിക്ക ഫൈനലിൽ തന്നെ ആയിരുന്നു ആദ്യം ഇരുവരും ഏറ്റുമുട്ടിയത്. 1937 ൽ നടന്ന ആ ഫൈനൽ മത്സരത്തിൽ ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീന കിരീടമുയർത്തി. അതിനുശേഷം ബ്രസീൽ ഇതുവരെ അർജൻ്റീനയോട് ഫൈനലിൽ പരാജയപ്പെട്ടിട്ടില്ല.

2004 ലും 2007 ലും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങൾ ബ്രസീൽ അർജൻ്റീനയെ പരാജയപ്പെടുത്തിയാണ് നേടിയത്. 2005 ൽ ഒരു കോൺഫെഡറേഷൻ കപ്പ് ഫൈനലിലും അർജൻ്റീനയെ അവർ പരാജയപ്പെടുത്തി. 2007 ലെ കോപ്പ അമേരിക്ക ഫൈനലിൽ മെസ്സി കളിച്ചിരുന്നു എങ്കിലും ആ മത്സരത്തിൽ ബ്രസീൽ 3-0ന് അർജൻ്റീനയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി.

നോക്കൗട്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ അവസാന ആറ് മത്സരങ്ങളിലും ബ്രസീൽ ആണ് വിജയിച്ചത്. അർജൻ്റീനയും ബ്രസീലും പരസ്പരം ഏറ്റുമുട്ടിയ 107 കളികളിൽ 42 എണ്ണത്തിൽ ബ്രസീലിന് വിജയിക്കാനായി. അർജന്റീന 40 എണ്ണത്തിൽ വിജയിച്ചപ്പോൾ 25 എണ്ണം സമനിലയിലായി. അർജന്റീന അവസാനമായി ബ്രസീലിനെ നോക്കൗട്ട് മത്സരത്തിൽ പരാജയെപ്പെടുത്തിയത് 1991 ലെ കോപ്പ അമേരിക്കയിലാണ്.

2005 ൽ ബ്യൂണസ് അയേഴ്സിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് അർജന്റീന അവസാനമായി ബ്രസീലിനെ തോൽപ്പിച്ചത്. ജുവാൻ റോമൻ റിക്വെൽമെയുടെ മികവിൽ അർജൻ്റീന 3-1 ന് വിജയിച്ചു. 1993 ലെ കോപ്പ അമേരിക്കയ്ക്കുശേഷം അർജന്റീനയുടെ ആദ്യ കിരീടം നേടാനാണ് മെസ്സിയും സംഘവും ഇറങ്ങുന്നത്.

ഈ വർഷത്തെ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി അർജൻ്റീന കിരീടം നേടുകയാണെങ്കിൽ മെസ്സിയും സംഘവും തിരുത്തി കുറിക്കാൻ പോകുന്നത് ഒരുപാട് പുതു ചരിത്രങ്ങളാണ്. 1937 ന് ശേഷം ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്താൻ സാധിക്കുകയാണെങ്കിൽ അർജൻ്റീനൻ ഫുട്ബാളിന് തന്നെ അതൊരു പുത്തൻ ഉണർവായിരിക്കും. എന്നാൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ബ്രസീലിനെ മറികടക്കുക എന്നത് അർജൻ്റീനയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.