സ്റ്റാർ സ്ട്രൈക്കർ എർലിംഗ് ഹാലാൻഡ് അടുത്ത സീസണിൽ ക്ലബ്ബിൽ ഉണ്ടാവും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ബൊറൂസിയ ഡോർട്ട്മുണ്ട് ചീഫ് എക്സിക്യൂട്ടീവ് ഹാൻസ്-ജോക്കിം വാട്‌സ്കെ. “അടുത്ത വർഷം എർലിംഗ് ഹാലാൻഡ് ഞങ്ങൾക്ക് വേണ്ടി കളിക്കുമെന്ന് എനിക്ക് വ്യക്തമായ പ്രതീക്ഷയുണ്ട് ” അദ്ദേഹം സ്പോർട്ട് ബിൽഡ് മാധ്യമത്തോടു പറഞ്ഞു.

നിലവിൽ ഹാലാണ്ടിന് വേണ്ടി റയൽ മാഡ്രിഡ്, ബാർസലോണ, മാഞ്ചസ്റ്റർ സിറ്റി എന്നീ പ്രമുഖ ക്ലബുകൾ രംഗത്തുണ്ട്. അതിനിടയിലാണ് ക്ലബ് ചീഫ് അടുത്ത സീസണിലും ഡോർട്ട്മുണ്ടിൽ അദ്ദേഹം തുടരും എന്ന് പറയുന്നത്. ചിര വൈരികളായ ബയേൺ മ്യൂണിക്കും വരുന്ന സമ്മർ വിന്റോയിൽ ഒരു സ്വാപ് ഡീലിൽ ഹാലാൻഡിനെ സൈൻ ചെയ്യാൻ രംഗത്തുണ്ട്. നിലവിൽ ഹാലാണ്ടിന് 2024 വരെ ഡോർട്ട്മുണ്ടുമായി കരാർ ഉണ്ട് .

കൈമാറ്റ ചർച്ചകൾക്കായി ഹാലാൻഡിന്റെ ഏജന്റ് മിനോ റയോളയും പിതാവ് ആൽഫ്-ഇഞ്ചും കഴിഞ്ഞ മാസം ബാഴ്‌സലോണയും റയൽ മാഡ്രിഡും സന്ദർശിച്ചിരുന്നു. ഇത് വെറും ഒരു വിപണന യാത്രയാണ് എന്നാണ് വാട്സ്കെ ഇതിനെതിരെ പറഞ്ഞത്. നിലവിൽ ഡോർട്ട്മുണ്ടിനായി ബുണ്ടസ്ലിഗയിൽ മത്സരത്തിൽ 25 ഗോളും 5 അസിസ്റ്റും നേടിയിട്ടുണ്ട്.