2021 സീസണിന്റെ മധ്യത്തിൽ മുടങ്ങിയ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടത്താൻ ധാരണയാതായി വാർത്തകൾ. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് ബാക്കി സീസണിന് യുഎഇ ആതിഥേയത്വം വഹിക്കാനാണ് സാധ്യത. ബിസിസിഐ തന്നെ ആണ് യുഎഇയിലെ സുരക്ഷാ കാര്യങ്ങളും നോക്കുക.

താരങ്ങൾക്ക് കോവിഡ് 19 കേസുകൾ സ്ഥിരീകരിച്ചതിനെ തുടർന്ന് മെയ് 4ന് ആയിരുന്നു ഐപിഎൽ നിർത്തിവെച്ചത്. സീസണിന്റെ ബാക്കി ഭാഗം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ തന്നെ പൂർത്തിയാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ബിസിസിഐ. മെയ് 29 ന് നടക്കാനിരിക്കുന്ന പ്രത്യേക യോഗത്തിലായിരിക്കും വേദി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഐപിഎൽ നടത്താനായി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വരാനിരിക്കുന്ന അഞ്ച് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയുടെ നിലവിലെ ഷെഡ്യൂൾ മാറ്റാൻ ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനോട് അഭ്യർത്ഥിക്കാൻ സാധ്യതയുണ്ട്. ഐ‌പി‌എൽ സീസണിനായി ഷെഡ്യൂളിൽ മാറ്റം വരുത്തി ഓഗസ്റ്റ് 04 മുതൽ ഇന്ത്യയും ഇംഗ്ലണ്ടും അഞ്ച് ടെസ്റ്റുകൾ കളിക്കും. ഈ പരമ്പര സെപ്റ്റംബർ 14 ന് സമാപിക്കും.

നിലവിൽ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകൾ തമ്മിൽ ഒമ്പത് ദിവസത്തെ ഇടവേളയുണ്ട്. ഈ ഇടവേള നാല് ദിവസമാക്കി കുറയ്ക്കാനും നേരത്തെ പരമ്പര അവസാനിപ്പിക്കാനും ബിസിസിഐ ഇസിബിയോട് അഭ്യർത്ഥിച്ചേക്കാം. എന്നാൽ ഇത് സംബന്ധിച്ച് ബിസിസിഐ ഇതുവരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി ചർച്ചകൾ ആരംഭിച്ചിട്ടില്ല.

എന്നിരുന്നാലും, ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഷെഡ്യൂൾ മാറ്റേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചാലും നോക്കൗട്ടുകൾ ഉൾപ്പെടെയുള്ള ബാക്കി 31 മത്സരങ്ങൾ നടത്തുന്നതിന് സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ 30 ദിവസത്തെ സമയം സംഘാടകർക്ക് ലഭ്യമാകും. ടൂർണമെന്റ് സമാപിക്കാൻ ബിസിസിഐക്ക് ഒരു മാസത്തെ സമയം മതിയാകുമെന്ന് അവരുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

ഐ‌പി‌എൽ 14 ആം സീസൺ പുനരാരംഭിക്കുമ്പോൾ വിദേശ താരങ്ങളുടെ കാര്യത്തിൽ മാത്രമാണ് ചെറിയൊരു ആശങ്ക. ഓരോ ക്രിക്കറ്റ് ബോർഡിൻ്റെയും താരങ്ങളുടെയും തീരുമാനത്തെ ആശ്രയിച്ചിരിക്കും വിദേശ താരങ്ങളുടെ ലഭ്യത.

കഴിഞ്ഞ ഐപിഎൽ സീസൺ യു‌എഇയിൽ വച്ചായിരുന്നു നടത്തിയത്. എല്ലാ മത്സരങ്ങളും ക്ലോസ്ഡ് സ്റ്റേഡിയത്തിൽ ആയിരുന്നു നടന്നത്. ടൂർണമെന്റ് യാതൊരു പ്രശ്നങ്ങളും വരാതെ സുഗമമായി നടന്നിരുന്നു. ബിസിസിഐക്ക് ഈ സീസണിൽ വലിയ ലാഭവും ലഭിച്ചിരുന്നു. ഈ ഒരു കാരണങ്ങൾ കൊണ്ടാണ് 2021 സീസണിലെയും ബാക്കി മത്സരങ്ങൾ യുഎഇ യിൽ വച്ച് നടത്താൻ സംഘാടകരെ പ്രേരിപ്പിക്കുന്നത്.