കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഓൾ‌ റൗണ്ടർ ആൻഡ്രെ റസ്സൽ വെസ്റ്റ് ഇൻഡീസ് ട്വൻ്റി20 ടീമിലേക്ക് മടങ്ങിയെത്തി. 2020 മാർച്ചിനുശേഷമാണ് താരം ടീമിലേക്ക് തിരികെ എത്തുന്നത്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, പാകിസ്ഥാൻ എന്നിവയ്‌ക്കെതിരായ വരാനിരിക്കുന്ന ട്വൻ്റി 20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസിന്റെ 18 അംഗ ടീമിൽ ആണ് റസ്സൽ ഇടം പിടിച്ചത്.

അതേസമയം സുനിൽ നരെയ്ന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ടീമിൽ ഈ മുതിർന്ന വെസ്റ്റ് ഇൻഡീസ് സ്പിന്നർ ഉണ്ടാവില്ല എന്ന് സെലക്ടർ റോജർ ഹാർപറിൻ പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നേടാൻ സഹായിച്ച മിക്ക കളിക്കാരെയും വെസ്റ്റ് ഇൻഡീസ് ടീം നിലനിർത്തിയെങ്കിലും ടീമിൽ കുറച്ച് മാറ്റങ്ങളുണ്ട്. ബൗളിംഗ് വിഭാഗത്തിൽ ആണ് പ്രധാന മാറ്റങ്ങൾ. കോട്രെലിനൊപ്പം ഓഷെയ്ൻ തോമസും ഹെയ്ഡൻ വാൽഷ് ജൻറും ഉള്ളപ്പോൾ 39 കാരനായ ഫിഡൽ എഡ്വേർഡ്സും ടീമിൽ സ്ഥാനം നിലനിർത്തി. ക്രിസ് ഗെയ്‌ലും എവിൻ ലൂയിസും ടീമിൽ ഉണ്ടാകും. നിക്കോളാസ് പൂരൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനാണ്.

വെസ്റ്റ് ഇൻഡീസ് പരിശീലകൻ ഫിൽ സിമ്മൺസ് വരാനിരിക്കുന്ന 15 ട്വന്റി20 കൾ വളരെ പ്രാധാന്യംഅർഹിക്കുന്നതാണ് എന്ന് പറഞ്ഞു. രണ്ട് ട്വൻ്റി 20 ലോകകപ്പുകൾ അടുത്ത 18 മാസത്തിനുള്ളിൽ നടക്കും. “ഈ വരാനിരിക്കുന്ന ട്വൻറി 20 ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ ഞങ്ങൾ ശ്രമിക്കുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ കിരീടം നിലനിർത്തേണ്ടതുണ്ട്.

“ഞങ്ങളുടെ ലോകകപ്പ് കിരീടം നിലനിർത്തുന്നതിനുള്ള സ്ക്വാഡിൽ നിലനിർത്തേണ്ടവരെ തിരിച്ചറിഞ്ഞ ഘട്ടത്തിലാണ് ഞങ്ങൾ. അതിനാൽ വരാനിരിക്കുന്ന മത്സരങ്ങൾ നിർണായകമാണ്. ഞങ്ങൾ പരിശീലിപ്പിക്കുന്ന രീതി, ഞങ്ങളുടെ പ്ലാൻ നടപ്പിലാക്കുന്ന രീതി, ടീമിലെ ഒത്തിണക്കം.എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അടുത്ത ഏതാനും ആഴ്ചകളും മാസങ്ങളും ഞങ്ങളുടെ കിരീടം നിലനിർത്തുന്നതിനും മൂന്നാം തവണ ലോക ചാമ്പ്യന്മാരാകുന്നതിനുമുള്ള ശ്രമത്തിലും ആയിരിക്കും ഞങ്ങൾ. “

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ജൂൺ 26 ന് ആരംഭിച്ച് ജൂലൈ 3 ന് അവസാനിക്കും. അഞ്ച് കളികളും ഗ്രെനഡയിൽ ആണ് നടക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് ട്വൻ്റി 20 മത്സരങ്ങൾ സെന്റ് ലൂസിയയിലും പാകിസ്ഥാനെതിരായ അഞ്ച് മത്സരങ്ങൾ ബാർബഡോസിലും ഗയാനയിലും നടക്കും.

വെസ്റ്റ് ഇൻഡീസ് ട്വൻ്റി 2 സ്ക്വാഡ്: കീറോൺ പൊള്ളാർഡ് (ക്യാപ്റ്റൻ), നിക്കോളാസ് പൂരൻ (വൈസ് ക്യാപ്റ്റൻ), ഫാബിയൻ അലൻ, ഡ്വെയ്ൻ ബ്രാവോ, ഷെൽഡൻ കോട്രെൽ, ഫിഡൽ എഡ്വേർഡ്സ്, ആൻഡ്രെ ഫ്ലെച്ചർ, ക്രിസ് ഗെയ്ൽ, ഷിമ്രോൺ ഹെറ്റ്മിയർ, ജേസൺ ഹോൾഡർ, അകിയൽ ഹോസിൻ, എവിൻ ലൂയിസ്, ഓബെഡ് മക്കോയ്, ആന്ദ്രെ റസ്സൽ, ലെൻഡൽ സിമ്മൺസ്, ഓഷെയ്ൻ തോമസ്, ഹെയ്ഡൻ വാൽഷ് ജൂനിയർ